ലോകമെമ്പാടും ആഴ്ചയില്‍ 1,700 പേര്‍ കോവിഡ് മരണത്തിലേക്കെന്ന് ലോകാരോഗ്യ സംഘടന

ജനീവ: സാമൂഹിക അകലവും, മാസ്‌കും, സാനിറ്റൈസറും ഇപ്പോള്‍ മിക്ക രാജ്യങ്ങളും മറന്ന മട്ടാണെങ്കിലും കോവിഡ് അങ്ങനെ വിട്ടുപോയിട്ടില്ലെന്നും ശക്തനായി മനുഷ്യര്‍ക്കിടയിലുണ്ടെന്നും ഓര്‍മ്മപ്പെടുത്തി ലോകാരോഗ്യ സംഘടന. കോവിഡ് 19 ഇപ്പോഴും ലോകമെമ്പാടും ആഴ്ചയില്‍ 1,700 പേരെയെങ്കിലും മരണത്തിലേക്ക് തള്ളിവിടുന്നുവെന്നാണ് സംഘടനയുടെ പുതിയ കണക്ക് സൂചിപ്പിക്കുന്നത്.

രോഗസാധ്യതയുള്ള ജനങ്ങളോട് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരാനും ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാക്‌സിന്‍ കവറേജ് കുറയുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

രോഗം പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഇടയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞുവെന്ന് ഡാറ്റ കാണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സമ്പദ്വ്യവസ്ഥയെ തകര്‍ത്ത, ആരോഗ്യ സംവിധാനങ്ങളെ തളര്‍ത്തിയ കോവിഡ് 19, 2019-ന്റെ അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും വ്യാപിച്ച് ലോകമെമ്പാടും പടരുകയായിരുന്നു.