ഇ.പി. നിഷ്‌കളങ്കനല്ല, കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ല, മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടം: സിപിഐ

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ലെന്ന് സി.പി.ഐയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ഇപിയുടെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്നും ബി.ജെ.പി. നേതാവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ച അത്ര നിഷ്‌കളങ്കമായി കാണേണ്ട ഒന്നല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മാത്രമല്ല വോട്ടെടുപ്പുദിവസംതന്നെ അക്കാര്യം വെളിപ്പെടുത്തിയതിലെ ദുരൂഹതയും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ, ഇപിയെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ. ആവശ്യപ്പെടാതിരുന്നത് നേതൃത്വത്തിന്റെ പരാജയമാണെന്ന കുറ്റപ്പെടുത്തലും ഉയര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും രീതിയാണ് പ്രധാന കാരണമായതെന്നും പലരും ചൂണ്ടിക്കാട്ടി.

രീതികളില്‍ മാറ്റം വരണമെന്നും എല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണമെന്നും വിലയിരുത്തലുണ്ടായി. ‘എല്ലാം ഞാനാണ്’ എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റിയെന്നും സി.പി.ഐ. മന്ത്രിമാര്‍തന്നെ പാര്‍ട്ടി നിര്‍വാഹകസമിതിയിലിരിക്കുന്നത് സംഘടനയെ ദുര്‍ബലമാക്കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നവകേരളസദസ്സുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്നുമാത്രമല്ല, ജനങ്ങളെ എതിരാക്കുകയാണ് ചെയ്തതെന്നും ക്ഷേമപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുമ്പോള്‍ സര്‍ക്കാരിന്റെ യാത്ര ധൂര്‍ത്താണെന്ന ബോധമാണ് ജനങ്ങളിലുണ്ടാക്കിയതെന്നും വിമര്‍ശനമുയര്‍ന്നു. മാത്രമല്ല, സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടതല്ലെന്നും വിമര്‍ശനം.

More Stories from this section

family-dental
witywide