കട്ടായം പറഞ്ഞ് ബിനോയ് വിശ്വം, അജിത് കുമാറിന്‍റെ ‘ക്രമസമാധാന ചുമതല’ മാറ്റണം; അൻവറിനും വിമർശനം, ‘പണത്തിന്‍റെ ഹുങ്കിൽ ഒരു രക്ഷകൻ പൊട്ടിമുളച്ചിരിക്കുന്നു’

തൃശൂർ: എ ഡി ജി പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്ന് കട്ടായം പറഞ്ഞും പി വി അൻവറിനെ വിമർശിച്ചും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. എ ഡി ജി പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ആർ എസ് എസ് പ്രമാണിമാരെ വീണ്ടും വീണ്ടും പോയി കണ്ട് കിന്നാരം പറയാൻ പോകുന്ന ഒരാൾ പൊലീസിന്റെ എ ഡി ജി പി പദവിയിൽ ഇരിക്കാൻ അർഹനല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ സി പി ഐക്കുള്ളത് ഉറച്ച നിലപാടാണെന്നും സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി കെ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മതിലകത്ത് നിർവഹിക്കവെ ബിനോയ് വിശ്വം വിവരിച്ചു.

നിലമ്പൂരിലെ എം എൽ എ എന്തൊക്കെയോ പറയുന്നുണ്ടെന്നും ആഭ്യന്തര കാര്യങ്ങളിൽ ചിലതിനെല്ലാം ഗൗരവം ഉള്ളതാണെങ്കിലും മറ്റ് കാര്യങ്ങൾ പ്രസക്തിയില്ലാത്തതാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിലമ്പൂർ എം എൽ എ രക്ഷകനല്ലെന്നും യഥാർത്ഥ രക്ഷകർ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു പക്ഷ ആശയത്തോട് ഹൃദയത്തിന്റെ ഉള്ളിൽ ലവലേശം ആത്മാർത്ഥത ഇല്ലാത്ത പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കിന്റെയും രാഷ്ട്രീയത്തെ മാത്രം വലുതായി കാണുന്ന ഒരാൾ പെട്ടെന്ന് പൊട്ടിമുളച്ചിട്ടു ഞാൻ രക്ഷിക്കാമെന്നു പറഞ്ഞാൽ അത് കേട്ട് സി പി ഐയുടെയോ സി പി എമ്മിന്റെയോ എൽ ഡി എഫിന്റെയോ ഒരാൾ പോലും കൂടെ പോകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സി പി ഐക്കും സി പി എമ്മിനും വേറെ വേറെ വഴിയില്ല, ഒരേ ഒഴിയാണെന്നും അത് സത്യത്തിന്‍റെയും നേരിന്‍റെയും വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോൾ വേറെ ആയിരിക്കാമെന്നും പക്ഷെ ആ ഉത്തരമെല്ലാം ഒന്നായി മാറിക്കോളുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

More Stories from this section

family-dental
witywide