
തിരുവനന്തപുരം: മുകേഷിന്റെ രാജി വിഷയത്തില്‍ കത്തി നില്‍ക്കുന്ന വിവാദങ്ങളില്‍ സി.പി.ഐയില്‍ ആശയക്കുഴപ്പമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജി വിഷയത്തില്‍ ആനി രാജയെ തള്ളിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ സി.പി.ഐ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ദേശീയ, സംസ്ഥാന തലങ്ങളില്‍ രണ്ട് കാഴ്ചപ്പാട് സി.പി.ഐക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതെല്ലാം പാര്‍ട്ടിക്ക് അകത്തുള്ള അടിസ്ഥാനപാഠങ്ങളാണെന്നും ആനി രാജ എന്‍.എഫ്.ഐ.ഡബ്ല്യു നേതാവും പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷിന്റെ രാജിയെക്കുറിച്ച് സി.പി.ഐയുടെ അഭിപ്രായം നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കം ഉണ്ടാകുമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുമുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് എടുത്തു പറഞ്ഞ അദ്ദേഹം സി പി എമ്മിനെയും സി പി ഐയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ടതെന്നും വ്യക്തമാക്കി.
ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന മറുവാദം ഉയര്‍ത്തിയാണ് മുകേഷ് ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സി.പി.എം. കൈക്കൊണ്ടിരുന്നത്. മുന്നണി കണ്‍വീനര്‍ തന്നെ ഈ നിലപാട് വ്യാഴാഴ്ച പറയുകയും ചെയ്തു. എന്നാല്‍ ഈ നിലപാട് ശരിയല്ലെന്ന പരോക്ഷമായി വിമര്‍ശിച്ച് ബൃന്ദാ കാരാട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.