
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കര്‍ എ എന്‍ ഷംസീറിനും മേയർ ആര്യ രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ, സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി.
സ്പീക്കര്‍ എ എന്‍ ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. ഇരുവരും പാർട്ടിക്കാർക്ക് അപ്രാപ്യരായി മാറുകയാണ്. സ്പീക്കര്‍ക്ക് ബി ജെ പി ബന്ധമുള്ള വ്യവസായിയുമായിവരെ ബന്ധമുണ്ടെന്നും ചർച്ചയിൽ നേതാക്കള്‍ അഭിപ്രായം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ, പൊതു സ്ഥലത്തുവച്ച് കെ എസ് ആർ ടി സി ഡ്രൈവറോട് ഇടപെട്ട രീതി ശരിയായില്ലെന്നാണ് വിമർശനം ഉയർന്നത്. പക്വതയില്ലാത്ത പെരുമാറ്റം പാർട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്നും അഭിപ്രായം ഉയർന്നു. നേരത്തെ മകളുമായി ബന്ധപ്പെട്ട മാസപ്പടി ആക്ഷേപത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നടക്കമുള്ള വിമർശനവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു.