സുരേന്ദ്രന് കുരുക്ക്, ‘പുതിയ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരം’, കൊടകര കുഴല്‍പ്പണകേസില്‍ പുന:രന്വേഷണം നിർദ്ദേശിച്ച് സിപിഎം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ ആരോപണത്തിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിന് നിർദ്ദേശം നൽകി. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്. കേസില്‍ നിയമപരമായ സാദ്ധ്യതകള്‍ തേടണമെന്നാണ് പാർട്ടി സെക്രട്ടറിയേറ്റില്‍ ഉയർന്നുവന്ന അഭിപ്രായം. സമഗ്രമായ പുനരന്വേഷണത്തിലൂടെ മാത്രമേ കേസിൽ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കൃത്യമായ പങ്ക് വെളിപ്പെടുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

കൊടകര കേസ് എന്നത് കള്ളപ്പണമോ കുഴല്‍പ്പണമോ കൊണ്ടുപോകുമ്പോള്‍ ആക്രമിച്ച് പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ടുള്ള കേസാണ്. ഇപ്പോള്‍ തിരൂര്‍ സതീശന്‍ എന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞത്, അന്ന് കേസിന്റെ ഭാഗമായി നേതാക്കന്മാര്‍ പറഞ്ഞതാണ് മൊഴി കൊടുത്തത് എന്നാണ്. അപ്പോള്‍ കൊടുത്ത മൊഴി തെറ്റാണെന്ന് വ്യക്തമാണല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റും ഉള്ളപ്പോള്‍ ഇലക്ഷന്‍ മെറ്റീരിയല്‍സ് കൊണ്ടുവരുന്നതിന് തീരുമാനിക്കപ്പെട്ട ഒരാളെ പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും അയാളെ ഓഫീസ് സെക്രട്ടറിക്ക് പരിചയപ്പെടുത്തി. അവര്‍ സാമഗ്രികളുമായി വരുമ്പോള്‍ വേണ്ട സഹായം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ രാത്രി വരാന്‍ സാധ്യതയുണ്ടെന്നും ഓഫീസ് അടക്കരുതെന്നും പറഞ്ഞു.

ആറു ചാക്കുകളിലായിട്ടാണ് പണം കൊണ്ടുവന്നത്. അത് മുകളില്‍ വെച്ചു തുറന്നപ്പോഴാണ് പണമാണെന്ന് കാണുന്നത്. ബിജെപിയുടെ ഓഫീസില്‍ കോടിനുകോടി രൂപയുടെ പണം കൊണ്ടുവന്നു. ആറുകോടിയിലേറെയാണ് കൊണ്ടുവന്നത്. ഇതില്‍ മൂന്നു കോടിയിലേറെയാണ് പോയത്. ബാക്കി വന്ന പണം ആരൊക്കെയാണ്, എങ്ങനെയൊക്കെയാണ് ഉപയോഗിച്ചത് എന്ന് അറിയേണ്ടതുണ്ട്. കൊടകര കേസിന്റെ ഭാഗം മാത്രമല്ല, ഈ കേസ് ആകെ പുനരന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide