പി എസ് സി കോഴ: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി, പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരത്തിന് പ്രമോദ്

കോഴിക്കോട്: പി എസ്‍ സി അംഗ്വത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സി പി എം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇന്ന് ചേർന്ന കോഴിക്കോട് സി പി എം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തയ ശേഷമാണ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.

സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലടക്കം റിപ്പോ‍ർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രമോദിനെതിരെ കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

പൈസ നൽകിയത് ആരാണ് എന്ന വിവരം ഇപ്പോഴും പുറത്തുന്നു വന്നിട്ടില്ല എന്നാണ് വിവരം. പുറത്ത് വരാതെ എങ്ങനെ തന്നെ കുറ്റക്കാരനാക്കാനാകും എന്നാണ് പ്രമോദ് കോട്ടൂളി ചോദിക്കുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രമോദ് പറയുന്നു. തന്നെ കുടുക്കാൻ ശ്രമിച്ചവരുടെ പേരുകൾ പറയുമെന്നും, പരാതിക്കാരനായ ശ്രീജിത്തിന്റെ വീട്ടിലേക്ക് താൻ പോവുകയാണെന്നും താൻ എവിടെനിന്ന് കോഴവാങ്ങിയെന്ന മറുപടി ലഭിക്കുന്നതുവരെ ശ്രീജിത്തിന്റെ വീട്ടിൽ കുത്തിയിരിക്കുമെന്നും പ്രമോദ് കോട്ടൂളി പറയുന്നു.

പിഎസ്‌സി അംഗമാക്കാമെന്ന് വാഗ്ദാനം നൽകി തങ്ങളിൽനിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ ദമ്പതികൾ പ്രമോദിനെതിരെ പാർട്ടിക്ക് പരാതി നൽകിയത്. 60 ലക്ഷമാണ് ചോദിച്ചതെന്നും 22 ലക്ഷം കൈമാറിയെന്നുമെന്നുമായിരുന്നു ആരോപണം.

സിഐടിയു നേതാവ് കൂടിയായ പ്രമോദ് മന്ത്രി മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ്. മന്ത്രി മുഖേനെ പിഎസ്‍സി അംഗത്വം തരപ്പെടുത്താമെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് ദമ്പതികളുടെ പരാതി. ഇക്കാര്യത്തിൽ എംഎൽഎമാരായ കെഎം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രമോദ് ഉപയോഗപ്പെടുത്തിയതായാണ് ആരോപണം.

More Stories from this section

family-dental
witywide