ദില്ലിയിൽ പോയതും ജാവദേക്കറെ കണ്ടതും ബിജെപിയിൽ ചേരാനല്ല, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എസ് രാജേന്ദ്രൻ; ‘സിപിഎമ്മിൽ തുടരും’

കൊച്ചി: ദില്ലിയിൽ പോയി ബി ജെ പി കേരള ഘടകം ചുമതലക്കാരൻ പ്രകാശ് ജാവദേക്കറെ കണ്ടതിൽ വിശദീകരണവുമായി ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായി എസ് രാജേന്ദ്രൻ രംഗത്തെത്തി. ദില്ലിയിൽ പോയതും ജാവദേക്കറെ കണ്ടും ബി ജെ പിയിലേക്ക് പോകാനല്ലെന്നും സി പി എമ്മിൽ തുടരുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സി പി എമ്മിൽ തന്നെ തുടരുമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച വ്യക്തിപരമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു. സി പി എമ്മിനൊപ്പം രാഷ്ട്രീയ പ്രവർത്തനരംഗത്ത് ഉണ്ടാകും. പാർട്ടിയുമായി ഇപ്പോഴും ചില പ്രശനങ്ങൾ ഉണ്ട്. എന്നാൽ അതെല്ലാം നേതാക്കളുമായി ചർച്ച ചെയ്ത് പരിഹരിച്ച് പാർട്ടിക്കൊപ്പം തന്നെ മുന്നോട്ടുപോകുമെന്നും ദേവികുളം മുന്‍ എം എല്‍ എ വ്യക്തമാക്കി. ബി ജെ പിയിലെക്ക് ക്ഷണം ഉണ്ടായിരുന്നെന്നും ക്ഷണിച്ച നേതാക്കളോട് ഇല്ലാ എന്ന് തീർത്ത് പറഞ്ഞെന്നും എസ് രാജേന്ദ്രൻ വിവരിച്ചു.

നേരത്തെ എസ് രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ ബി ജെ പി പ്രവേശനം ചർച്ചയായില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആണ് എസ് രാജേന്ദ്രൻ വന്നതെന്നും ബി ജെ പിയിൽ ചേരുന്നത് സംബന്ധിച്ചല്ല കൂടികാഴ്ച നടത്തിയതെന്നുമാണ് ജാവദേക്കർ പറഞ്ഞത്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ദില്ലിയിലെത്തി ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ശക്തമായത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ടായിരുന്നതും രാജേന്ദ്രൻ ബി ജെ പിയിലേക്കാണെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായിരുന്നു. എന്നാൽ എന്തായാലും ബി ജെ പിയിലേക്കില്ലെന്ന് രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയതോടെ തത്കാലം അഭ്യൂഹങ്ങളും അവസാനിക്കുകയാണ്.

CPM Former MLA S Rajendran confirms that not to join BJP

More Stories from this section

family-dental
witywide