പത്തനംതിട്ട: സി പി എം കൊടികള്‍ നീക്കം ചെയ്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി എം പ്രാദേശിക നേതാവിന്‍റെ ഭീഷണി. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം സ്ഥാപിച്ച കൊടികൾ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നാണ് പത്തനംതിട്ട തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് ഭീഷണി മുഴക്കിയത്. സ്ഥലത്ത് സി പി എം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ കൊടികള്‍ കഴിഞ്ഞ ദിവസമാണ് വനപാലകര്‍ നീക്കിയത്. ഇതിനു പിന്നാലെയായിരുന്നു ഭീഷണി സന്ദേശവും കൊടി പുനഃസ്ഥാപിക്കലും. നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ അതു ചെയ്തോണം. നാട്ടിലിറങ്ങി സേവിക്കാന്‍ വന്നാൽ വിവരമറിയും. യൂണിഫോമിൽ കേറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം ഈ കേരളത്തിൽ ഭരിക്കുന്നതുകൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി സമരങ്ങളും പോരാട്ടങ്ങളും സംഘടനയും രൂപീകരിക്കും. അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടല്ലോ അത് ഓർമവച്ചോളൂ എന്നും പ്രവീൺ പ്രസാദ് പറഞ്ഞു.
cpm leader threatens to forest officers