സത്യഭാമക്കെതിരെ സിപിഎം; ഗോത്ര വർഗകാല മനസിന്‍റെ പിന്തുടർച്ചയെന്ന് ശിവൻകുട്ടി, ഈ വിഷജീവികളെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരായ നേരെ ജാതി അധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ സി പി എം നേതാക്കൾ രംഗത്ത്. ജാതി അധിക്ഷേപം തെറ്റാണെന്നും അത്തരം പ്രയോഗങ്ങൾ സി പി എം അംഗീകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ആർ എൽവി രാമകൃഷ്ണൻ വിഷയം കൃത്യമായി അറിയില്ലെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, പിന്നീട് കൂടുതൽ പ്രതികരിക്കാം എന്നും വ്യക്തമാക്കി.

അതേസമയം കലാമണ്ഡലം സത്യഭാമയുടെ വിദ്വേഷ പരാമർശത്തിൽ കടുത്ത ഭാഷയിൽ മറുപടിയുമായാണ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. താൻ ആർ എൽ വി രാമകൃഷ്ണനൊപ്പമാണെന്നും കറുപ്പ് തനിക്ക് ചുവപ്പിനോളം പ്രിയപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സത്യഭാമയുടെ വാക്കുകൾ ഗോത്ര വർഗകാല മനസിന്‍റെ പിന്തുടർച്ചയുടെ ഫലമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തെ പിന്നോട്ട് നടത്താൻ ഒരു വർണ്ണ വെറിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ആർ എൽ വി രാമകൃഷ്ണന് പിന്തുണയുമായി ഡി വൈ എഫ് ഐയും രംഗത്തെത്തി. സത്യഭാമയെ പോലുള്ള വിഷജീവികളെ പ്രതിരോധിക്കണമെന്നും അതിനായി രാമകൃഷ്ണന് വേണ്ടി ഡി വൈ എഫ് ഐ വേദി ഒരുക്കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചാലക്കുടിയിൽ പ്രതിഷേധ മോഹിനിയാട്ടം പരിപാടി ഡി വൈ എഫ് ഐ സംഘടിപ്പിക്കുമെന്നും സനോജ് വിവരിച്ചു.

cpm leders against kalamandalam satyabhama caste abuse rlv ramakrishnan

More Stories from this section

family-dental
witywide