
ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ലൈംഗികാതിക്രമ ആരോപണ വിധേയനായ കൊല്ലം എംഎല്‍എ, എം. മുകേഷ് സ്ഥാനത്തു തുടരുന്നതിന് പാർട്ടി നേതാക്കൾ ഉന്നയിച്ച വാദത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ബൃന്ദ കാരാട്ട് നടത്തിയിരിക്കുന്നത്. പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍ എന്നാണ് ലേഖനത്തിന് നൽകിയ തലക്കെട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെ സിപിഎം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തി. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ’അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു’വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തിൽ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എംഎൽഎമാരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.