അന്‍വറിനെ നായകനാക്കിയ നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ; ഗവർണർക്കും മറുപടി, ‘ഇതിലും വലിയ ഭയപ്പെടുത്തൽ കേരളം കണ്ടിട്ടുണ്ട്’

തിരുവനന്തപുരം: ഇടത് ബന്ധം അവസാനിപ്പിച്ച് മുഖ്യമന്ത്രിക്കും പാർട്ടിക്കും നേരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് പടിയിറങ്ങിപ്പോയ പി വി അന്‍വൻ എം എൽ എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. അന്‍വറിനെ നായകനാക്കിയുള്ള നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. അന്‍വറിന്‍റെ യോഗത്തില്‍ പങ്കെടുത്തത് ഇടത് പ്രവര്‍ത്തകരല്ല, ജമാഅത്തെ ഇസ്ലാമി, എസ്‌ ഡി പി ഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

എം ആ‌ർ അജിത്കുമാറിനെതിരായ ആരോപണങ്ങളിലും സി പി എം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കി. ഡി ജി പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ എ ഡി ജി പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സ്ഥാനമാറ്റത്തില്‍ എല്ലാം അവസാനിക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ആർ എസ് എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം നടക്കുന്നേ ഉള്ളുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. റിപ്പോർട്ട് വന്നശേഷം ബാക്കി നടപടികൾ നോക്കാമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഗവർണറുടെ ആരോപണങ്ങളിലും സി പി എം സംസ്ഥാന സെക്രട്ടറി മറുപടി നൽകി. തെറ്റായ പ്രചാരണമാണ് ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ നടത്തുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല. ഗവർണർ ഇവിടെയാരെയും ഭയപ്പെടുത്തുകയൊന്നും വേണ്ടെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, ഇതിനെക്കാൾ വലിയ ഭയപ്പെടുത്തൽ കേരളം മുൻപും കണ്ടിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെയും ലഭിക്കാത്തതിനെയും എം വി ഗോവിന്ദന്‍ വിമർശിച്ചു. പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു സഹായവും നൽകിയില്ല. കേരളത്തോട് പൂർണ്ണമായ അവഗണനയാണ് കാട്ടുന്നത്. ഈ കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ വലിയ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി താക്കീത് നൽകി.

More Stories from this section

family-dental
witywide