സിപിഎമ്മിൽ നിന്നും പുറത്തുപോയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടാതെ സിപിഎം. ഇന്നലെ നിയമസഭയിൽ വരെ ഈ വിഷയം പ്രതിപക്ഷം ചർച്ച ചെയ്തിട്ടും പി. ജയരാജനെ കുറിച്ചുള്ള ചേദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതാക്കൾ. ആകെ വിഷയം ഏറ്റു പിടിക്കുന്നത് ക്വട്ടേഷൻ മാഫിയ എന്നു മനുതോമസ് വിശേഷിപ്പിക്കുന്ന റെഡ് ആർമി സംഘം മാത്രം.
മനുവിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത് അംഗത്വം പുതുക്കാത്തതിനാലാണ് എന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിശദീകരിച്ചെങ്കിലും പി. ജയരാജൻ മനുവിനെതിരെ മറ്റൊരു ആരോപണവുമായി രംഗത്തു വന്നതോടെയാണ് പ്രശ്നം പാർട്ടിക്ക് പുറത്തേക്ക് വരുന്നത്. മനുവിന് ബിസിന സ് ബന്ധമുണ്ടെന്ന് ആരോപിച്ച് പി. ജയരാജൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ ആരാധകർ വലിയ ചർച്ചയാക്കി.
പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കാൻ പി. ജയരാജൻ ശ്രമിക്കുകയാണെന്ന് മനു തിരിച്ചടിച്ചു. തുടർന്ന് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കം മനുവിനെതിരെ ഫേയ്സ് ബുക്കിൽ ഭീഷണി മുഴക്കി. ഇതിനു മറുപടിയായി പി. ജയരാജൻ്റെ മകന് സ്വർണം പൊട്ടിക്കൽ -ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വാദവുമായി മനു മുന്നോട്ടു വന്നു.
പി. ജയരാജൻ്റെ മകൻ ജയിൻ രാജ് ഇത് നിഷേധിച്ച് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാൽ ജയരാജൻ ഇതു സംബന്ധിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. വിഷയം പ്രതിപക്ഷം ഇന്നലെ സഭയിൽ എടുത്തിട്ടു. കണ്ണൂരിലെ ക്വട്ടേഷൻ , സ്വർണക്കടത്ത് സംഘങ്ങൾക്ക് കുടപിടിക്കുന്നത് സിപിഎം ആണെന്ന വലിയ ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ചു. ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് സണ്ണി ജോസഫ് എംഎൽഎ നോട്ടിസ് നൽകിയെങ്കിലും അത് തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി. പ്രതിപക്ഷം ഇത്രവലിയ ആയുധമാക്കിയിട്ടും സിപിഎം ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
സ്വർണക്കടത്ത് സംഘത്തെ സംരക്ഷിക്കുന്നവർ പാർട്ടിക്കുള്ളിലുണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടും സിപിഎം നേതൃത്വം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. അതു ചോദ്യം ചെയ്തപ്പോളാണ് തന്നെ പുറത്താക്കിയത് എന്ന് മനു തോമസ് ആരോപിക്കുന്നു. മനു തോമസിൻ്റെ ജീവന് ഭീഷണിയുണ്ട് എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് പൊലീസ് സംരംക്ഷണം ഏർപ്പെടുത്തി. ബിജെപിയും കോൺഗ്രസും മനുവിനെ ക്ഷണിച്ചെങ്കിലും കമ്യൂണിസ്റ്റായി തുടരും എന്ന നിലപാടിലാണ് മനു.
CPM silent on allegations against P Jayarajan and his son’s involvement in gold Smuggling