തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം. പിആർ ഏജൻസി വിവാദത്തിൽ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചത്. സിപിഎമ്മിന്റെ നേതൃയോഗങ്ങൾ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വീണ്ടും വിമർശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗവും നടന്നുവരികയാണ്. ഇതിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയിൽ നിന്നുള്ള ഒരു നേതാവ് പിആർ ഏജൻസി വിവാദം എടുത്തിട്ടത്. വിവാദത്തിൽ പാർട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചു.
എന്നാൽ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നൽകിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നും പ്രതികരിച്ച് എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയെ സംരക്ഷിച്ചു.
ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ചർച്ചയിൽ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടായത്.
ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക.
CPM state committee Criticizes pinarayi