‘സഖാവിന് ചേർന്ന പണിയല്ല, പി കെ ശശിയുടെത് നീച പ്രവൃത്തി’; കടുത്ത വിമർശനവുമായി എം വി ഗോവിന്ദൻ

പാലക്കാട്: പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശശിയെ പാർട്ടിയിൽനിന്നു പുറത്താക്കാത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം.

സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാധ്യമപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പി കെ ശശിക്ക് നഷ്ടമായി. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക.

പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഗുരുതര അച്ചടക്ക ലംഘനമാണ് പാര്‍ട്ടി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്നും മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു

More Stories from this section

family-dental
witywide