തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാട് ഉണ്ട്. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ‘ശരിയായ ദിശാബോധത്തോടെ ഇനിയും പ്രവര്‍ത്തിക്കും. സിബിഐ അന്വേഷണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധം ഉണ്ട്. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ കൂട്ടിലടച്ച തത്തയാണെന്ന്. സിബിഐ അന്വേഷണമാണ് എല്ലാറ്റിന്റെയും അവസാനം എന്ന് പറയുന്നത് ഒരുകാലത്തും അംഗീകരിച്ചിട്ടില്ല’- എംവി ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം വിശ്വസിക്കുന്നില്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല, തെളിവുശേഖരണത്തില്‍ വീഴ്ച പറ്റി, സിസിടിവി ദൃശ്യങ്ങള്‍ പോലും സമാഹരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം മഞ്ജുഷയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് തേടിയ ഹൈക്കോടതി വിശദ വാദത്തിനായി കേസ് ഡിസംബര്‍ 6 ലേക്ക് മാറ്റി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടു.