ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു. മധുരയിൽ സിറ്റിങ് എംപി സു. വെങ്കിടേശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദനാണ് മത്സരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ തവണ കൊയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചിരുന്നു. ഡിഎംകെ സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്.
കോയമ്പത്തൂരിൽ സീറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഡിഎംകെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്തു. ബിജെപി കോയമ്പത്തൂരിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന നിഗമനത്തിലാണ് ഡിഎംകെ നേരിട്ടിറങ്ങിയത്. കോയമ്പത്തൂരിന് പകരം ദിണ്ടിഗൽ സീറ്റ് നൽകുകയായിരുന്നു. സിപിഎമ്മിനും ഇടത് പാര്‍ട്ടികൾക്കും മെച്ചപ്പെട്ട സ്വാധീനമുള്ള ദിണ്ടിഗലിൽ ഡിഎംകെ പിന്തുണയോടെ ജയിക്കാനാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.
cpm Tamilnadu candidate set for loksabha election