സിനിമാ മേഖലയിലെ ആരോപണങ്ങൾ: മുകേഷിനെ സിപിഎം സംരക്ഷിക്കുമോ?

സിനിമാമേഖലയിൽ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎമ്മിൽ ധാരണ. മുകേഷിന്റെപേരിലുണ്ടായ ആരോപണങ്ങൾ നേരിടേണ്ടതും വിശദീകരിക്കേണ്ടതും അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതമാത്രമാക്കി നിർത്താനാണ് സിപിഎം തീരുമാനം.

ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷിനോട് എംഎൽഎ സ്ഥാനം ഒഴിയാൻ സിപിഎം ആവശ്യപ്പെടില്ല. പക്ഷേ സിപിഎമ്മിൽ അദ്ദേഹത്തിന്റെ നില ഭദ്രമല്ല. മുകേഷിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ പാർട്ടിക്കു ക്ഷീണമായെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ മുകേഷ് ബ്ളാക്ക് മെയിലിങ് ആരോപണവുമായി മുന്നോട്ടു വന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്ന് മൽസരിച്ച മുകേഷ് ഒന്നര ലക്ഷം വോട്ടുകൾക്കാണ് അവിടെ പരാജയപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് സിനിമ മേഖലയിൽ നിന്നുള്ള ആരോപണങ്ങളുടെ വരവ്. നിയമസഭയിലും ലോക്സഭയിലും സിപിഎം ചിഹ്നത്തിലാണ് മൽസരിച്ചതെങ്കിലും മുകേഷ് പാർട്ടി അംഗമല്ല. അതുകൊണ്ടു തന്നെ പാർട്ടിയുടെ അച്ചടക്ക നടപടി അദ്ദേഹത്തിന് നേരിടേണ്ടി വരില്ല. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ലൈംഗിക പീഡനകേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചെങ്കിൽ മാത്രം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമുള്ളു എന്നാണ് പാർട്ടി നിലപാട്.

യുഡിഎഫ് എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിക്കും എം. വിൻസെൻ്റിനും എതിരെ പീഡന ആരോപണങ്ങൾ വരികയും കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും അവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടാവാം മുകേഷിൻ്റെ കാര്യം സിപിഎം തീരുമാനിക്കെട്ടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് എടുത്തത്. എന്നാൽ മുകേഷ് രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.

വ്യക്തിജീവിതത്തിൽ അച്ചടക്കമില്ലാതെ, സദാചാര ലംഘനം നടത്തുന്നവരെ സ്ഥാനാർഥിയാക്കുന്നവരാണ് യഥാർഥ കുറ്റക്കാരെന്ന കടുന്ന വിമർശനം കൊല്ലം ജില്ലാ കമ്മിറ്റിയിലെ മുതിർന്ന സിപിഎം അംഗം തന്നെ ഉന്നയിച്ചിരുന്നു. സിപിഎം പ്രാദേശിക ഘടകവും മുകേഷുമായി വലിയ അടുപ്പത്തിലല്ല, അതുകൊണ്ടു തന്നെ അവരാരും മുകേഷിനെ പ്രതിരോധിക്കാൻ രംഗത്തു വരാൻ സാധ്യതയില്ല.

സിനിമാനയരൂപവത്കരണസമിതിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കും. ഇതിൽനിന്ന് സ്വന്തം നിലയിൽ ഒഴിയാനുള്ള അവസരം അദ്ദേഹത്തിന് ഒരുക്കുകയാണ് പാർട്ടി ചെയ്യുന്നത്. ഒരുവർഷം മുമ്പാണ് നയരൂപവത്കരണ സമിതിയുണ്ടാക്കിയത്. അതിനാൽ, സർക്കാരിന് വീഴ്ചപറ്റിയെന്ന കുറ്റപ്പെടുത്തലുകളെ മുഖവിലയ്ക്കെടുക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് നേതാക്കൾ പറയുന്നത്.


More Stories from this section

family-dental
witywide