കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ രണ്ടാം വളവിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും പൊലീസിന്റെ മുന്നറിയിപ്പ്. നേരത്തെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ദുരന്തബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും തടസമില്ലാതെ സഞ്ചാര പാതയാെരുക്കാനായിരുന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനിടെയാണ് റോഡിൽ വിള്ളലുണ്ടായെന്ന വാർത്തകൾ പുറത്തുവരുന്നത്.
രണ്ടാംവളവിന് താഴെ കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങൾ കടത്തിവിട്ടത്.
വിള്ളൽ കണ്ട ഭാഗത്ത് പൊലീസ് റിബൺ കെട്ടിയിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഭാരമുള്ള വാഹനങ്ങൾ കടത്തിവിടില്ലെന്നും പൊലീസ് അറിയിച്ചു. ഹൈവേ പൊലീസ് സ്ഥലത്തെത്തി യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.