പൂനെ: മുന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ അമ്മയെ വെള്ളിയാഴ്ച പൂനെയിലെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുജോലിക്കാരി ഫ്‌ളാറ്റിലെത്തിയപ്പോള്‍ ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. മാലാ അശോകിന് ചില മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഫാസ്റ്റ് മീഡിയം ബൗളറായ സലില്‍ അങ്കോള 1989 നും 1997 നും ഇടയില്‍ ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചു. പിന്നീട് സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു.