സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തത്: പ്രധാനമന്ത്രി നരേന്ദ്രമോദി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമാകെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
“സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണെന്ന് എല്ലാ സംസ്ഥാന സർക്കാരുകളേയും ഒരിക്കൽ കൂടി ഞാൻ ഓർമപ്പെടുത്തുന്നു. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത്,” മഹാരാഷ്ട്രയിലെ ‘ലഖ്പതി ദീദി സമ്മേളന’ത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

അതിനിടെ യുവ ഡോക്ടർ കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ വസതിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഞായറാഴ്ച റെയ്ഡ് നടത്തി.

കേസുമായി ബന്ധപ്പെട്ട മറ്റ് 14 സ്ഥലങ്ങളിലും സിബിഐ തിരച്ചിൽ നടത്തുന്നുണ്ട്.
കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ ഇന്ന് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. . നുണപരിശോധനയ്ക്ക് മുന്നോടിയായി, തന്നെ കുടുക്കിയതാണെന്നും താൻ നിരപരാധിയാണെന്നും സഞ്ജയ് റോയി ജയിൽ അധികൃതരോട് പറഞ്ഞത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൊലീസിനും സിബിഐക്കും മുന്നിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. ആ മൊഴികളാണ് ഇപ്പോൾ ഇയാൾ മാറ്റി പറയുന്നത്.

Crimes Against Women Unforgivable Says Prime Minister Modi

More Stories from this section

family-dental
witywide