100 കോടി ഫോളോവേഴ്‌സ്! സോഷ്യൽ മീഡിയയിൽ CR 7 തരംഗം, നമ്മൾ ചരിത്രം കുറിച്ചെന്ന് റൊണാള്‍ഡോ

കളിക്കളത്തില്‍ ലോകത്ത് ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നിരവധി റെക്കോർഡുകൾ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ചരിത്രം ഇതുവരെ അങ്ങനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സി ആർ 7 തരംഗം ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുകയാണ്. വിവിധ സമൂഹമാധ്യമങ്ങളിലായി പിന്തുടരുന്നവരുടെ എണ്ണം 100 കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിച്ചാണ് പോര്‍ച്ചുഗീസ് നായകന്‍ ഇപ്പോൾ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയും ക്രിസ്റ്റ്യാനൊക്ക് സ്വന്തമായി.

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലുമായാണ് താരത്തിന് 1 ബില്യണ്‍ ഫോളോവേഴ്‌സുള്ളത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ 113 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍.

ഇത് കേവലം തന്നോടുള്ള ഇഷ്ടത്തിനപ്പുറം ഫുട്‌ബോള്‍ എന്ന മഹത്തായ കായിക വിനോദത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ കുറിച്ചു. 100 കോടി സ്വപ്‌നങ്ങള്‍, ഒരൊറ്റ യാത്ര എന്നാണ് നേട്ടത്തെ റൊണാള്‍ഡോ വിശേഷിപ്പിച്ചത്.

‘നമ്മള്‍ ചരിത്രം സൃഷ്ടിച്ചു 1 ബില്യണ്‍ അനുയായികള്‍! ഇത് കേവലം ഒരു സംഖ്യ എന്നതിനപ്പുറമാണ്. ഇത് നമ്മള്‍ പങ്കിട്ട ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിന്റെയും സ്‌നേഹത്തിന്റെയും നേര്‍സാക്ഷ്യമാണ്. മദേറിയയിലെ തെരുവുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വേദികള്‍ വരെ, എപ്പോഴും എന്റെ കുടുംബത്തിനും നിങ്ങള്‍ക്കുമായാണ് ഞാന്‍ കളിച്ചത്. ഇപ്പോള്‍ 100 കോടി പേരായി നാം ഒരുമിച്ചു നില്‍ക്കുന്നു. എല്ലാ ഉയര്‍ച്ചകളിലും താഴ്ച്ചകളിലും നിങ്ങള്‍ എന്നോടൊപ്പം ഓരോ ചുവടിലും ഉണ്ടായിരുന്നു. ഇത് നമ്മുടെ യാത്രയാണ്. നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മള്‍ തെളിയിച്ചിരിക്കുന്നു. എന്നെ വിശ്വസിച്ചതിനും പിന്തുണച്ചതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നാം ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം കുറിക്കുകയും ചെയ്യും’ – റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങിനെയാണ്.

More Stories from this section

family-dental
witywide