തിരുവനന്തപുരം: സി പി എം തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമർശനം. എം വി ഗോവിന്ദൻ പറയുന്ന വൈരുധ്യാത്മിക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോയാൽ മതിയെന്നാണ് ഒരു വനിതാ നേതാവ് വിമർശിച്ചത്. സര്‍ക്കാര്‍ ശൈലിക്കും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങൾക്കും എതിരെയും നിശിതമായ വിമര്‍ശനം ഉയർന്നു.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നുമുള്ള വിമർശനം വരെ ഉയർന്നു. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു എന്ന് കൂടി വിമര്‍ശിച്ച വനിതാ പ്രതിനിധി, നിശ്ചിത പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും ചോദിച്ചു.
കെ എസ് ടി എ അടക്കം ഇടത് അധ്യാപക സംഘടനകളുടെ അതിരൂക്ഷ എതിര്‍പ്പിന് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചെയ്തികളും സംഘടനാ സമ്മേളനത്തിലും ചര്‍ച്ചയായി. കരുത്തനായ മന്ത്രി ഉണ്ടായിട്ട് പോലും ഉദ്യോഗസ്ഥ ഭരണത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വി ശിവൻ കുട്ടിക്കെതിരെയും വിമര്‍ശനം ഉയർന്നു. ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികൾ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്. പ്രവർത്തന റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചക്ക് ജില്ലാ സെക്രട്ടറിയും സംഘടനാ റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചക്ക് സംസ്ഥാന സെക്രട്ടറിയും മറുപടി നൽകിക്കഴിഞ്ഞ് പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്ത് നാളെ വൈകീട്ട് വിഴിഞ്ഞത്തെ പൊതുസമ്മേളനത്തോടെയാകും സമ്മേളനത്തിന് സമാപനമാകുക.