ഷിംല: ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജന് അട്ടിമറി വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തിയാണ് ബിജെപി വിജയം നേടിയത്.
തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു. വിജയം അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രംഗത്തെത്തി. പിന്നാലെ ഹര്‍ഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി, പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ 68 എം.എൽ.എമാരിൽ 67 പേരും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് എംഎൽഎ സുദർശൻ സിങ് ബബ്‍ലു അസുഖം കാരണം വോട്ടെുപ്പിൽ പങ്കെടുത്തില്ല. നിയമസഭയിൽ 25 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. തന്നില്‍ വിശ്വാസം അർപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം.
“ചില കോണ്‍ഗ്രസ് എംഎല്‍എമാർ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരില്‍ ചിലരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. തനി നിറം കാണിച്ച 9 എംഎല്‍എമാർക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേര്‍ എന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് അസാധാരണ നടപടിയാണ്. നറുക്കെടുക്കുന്നയാളുടെ പേര് തോറ്റതായി പ്രഖ്യാപിച്ചു. തന്‍റെ പേരാണ് നറുക്കെടുത്തതെന്നും അഭിഷേക് സിങ്‍വി പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിച്ചു. എ.ഐ.സി.സി. ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. ബിജെപി വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തിരുന്നു. മറ്റൊരു എംഎല്‍എ. ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബിജെപി സ്പീക്കര്‍ക്ക് പരാതി നല്‍കി. വിട്ടുനിന്ന ശിവരാം ഹെബ്ബാറിനെതിരേയും പാര്‍ട്ടി പരാതി നല്‍കിയേക്കും.
എന്നാൽ ഉത്തർപ്രദേശിലെ സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിച്ചത്. ആകെയുള്ള പത്ത് ഒഴിവില്‍ എട്ടു സീറ്റിലും ബിജെപി ജയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നിലവിലെ കക്ഷിനില പ്രകാരം എസ്പിക്ക് ജയിക്കാന്‍ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്.