നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ബോംബ് സ്ഫോടനം: ഏഴുവയസ്സുകാരന് ദാരുണാന്ത്യം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ക്രൂഡ് ബോംബ് സ്ഫോടനത്തില്‍ ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ് ബിശ്വാസ് എന്ന കുട്ടിയാണ് മരിച്ചത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവര്‍ക്കാണ് ഗുരുതര പരിക്കുള്ളത്

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് പ്രദേശത്ത് വലിയ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തി. അവിടെ കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് കുട്ടികളെയും പാണ്ഡുവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിശ്വാസ് മരിച്ചതായി സ്ഥിരീകരിച്ചു. ഹൂഗ്ലി റൂറല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ഇന്ന് പാണ്ഡുവയിലെ ഹൂഗ്ലി ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രചന ബാനര്‍ജിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് റാലി നടത്താനിരിക്കെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് പ്രാദേശിക ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണിതെന്ന് അവര്‍ അവകാശപ്പെട്ടു. പശ്ചിമ ബംഗാളില്‍ നാല് മണ്ഡലങ്ങളില്‍ നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നടക്കാനിരിക്കെയാണ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്.

More Stories from this section

family-dental
witywide