കൊച്ചി: നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്.
പൾസർ സുനി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. ഏപ്രിൽ 16ന് പൾസർ സുനി നൽകിയ ജാമ്യഹർജി മേയ് 20ന് തളളിയിരുന്നു. ഇതിനു പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി നൽകുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി
. പ്രതിയുടെ ജാമ്യം നിഷേധിക്കാൻ കാരണമായ കാര്യങ്ങളിൽ ഈ 3 ദിവസത്തിനുള്ളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പിഴ ചുമത്തുന്നതു സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു. തുടർന്നാണ് 25,000 രൂപ പിഴ ചുമത്തിയത്.