കുസാറ്റ് ക്യാമ്പസ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്ത് പൊലീസ്

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി. ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റ് അധ്യാപകര്‍.

കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കുസാറ്റ് ടെക്ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല.

More Stories from this section

family-dental
witywide