കൊച്ചി: കുസാറ്റില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ വിശദീകരണം.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും കോടതിയില്‍ പൊലീസ് വ്യക്തമാക്കി. ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി.
തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകതയും അപകടമുണ്ടാക്കുന്നതിന് കാരണമായെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.
കുസാറ്റില്‍ നവംബര്‍ 25നാണ് ടെക്ഫെസ്റ്റിനിടെ അനിയന്ത്രിതമായ തിരക്കില്‍ ആളുകള്‍ നിലത്തുവീഴുകയും മരണം വരെ സംഭവിക്കുകയും ചെയ്തത്. ദുരന്തത്തില്‍ നാല് പേരാണ് മരിച്ചത്. 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു.