കടത്തുകാർക്കും പ്രിയം ഐഫോൺ 16? ഡൽഹി വിമാനത്താവളത്തിൽ വീണ്ടും ഐഫോൺ കടത്ത് പിടിയിൽ, 12 ഐഫോൺ 16 പിടികൂടി

ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഐഫോൺ കടത്തിന് പിടിവീണു. ആപ്പിൾ പുതുതായി ലോഞ്ച് ചെയ്ത ഐഫോൺ 16 ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സംഘമാണ് ഇക്കുറി കസ്റ്റംസിന്‍റെ പിടിയിലായത്. 12 ഐഫോൺ 16 പ്രോ മാക്‌സ് ഇവരിൽ നിന്നും പിടിച്ചെടുത്തെന്നാണ് കസ്റ്റംസ് അറിയിച്ചത്. ഇൻഡിഗോ വിമാനത്തിലെത്തിയ സംഘമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലയിലായത്. സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഐഫോണുകൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ആപ്പിൾ കമ്പനി ഐഫോൺ 16 സീരീസുകൾ പുറത്തിറക്കിയതിന് പിന്നാലെ ഇത് രണ്ടാമത്തെ തവണയാണ് ഐഫോൺ കടത്ത് ഡൽഹി വിമാനത്താവളത്തിൽ പിടികൂടുന്നത്. നേരത്തെ ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയുടെ വാനിറ്റി ബാഗിൽ നിന്നും ഒളിപ്പിച്ച നിലയിൽ 26 ഐഫോൺ 16 പ്രോ മാക്‌സ് കണ്ടെത്തിയിരുന്നു. ഹോങ്കോങിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ യുവതിയിൽ നിന്നുമാണ് അന്ന് ഐഫോണുകൾ കണ്ടെത്തിയത്. ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകൾ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നത്.

ലക്ഷങ്ങൾ വിലയുള്ള ഫോണുകളാണ് യുവതി അനധികൃതമായി കടത്താൻ ശ്രമിച്ചത്. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ യുവതിയെ പരിശോധിച്ചത്. 256 ജിബി വേരിയൻറ് മോഡലിന് ഇന്ത്യൻ വിപണിയിൽ 1,44,900 രൂപമുതലാണ് വിലയുള്ളത്. എന്നാൽ ഹോങ്കോങ്ങിൽ ഇതേ മോഡലിന് 1,09,913 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ വിലയാണ് ഉള്ളത്. അതിനാൽ തന്നെ ഹോങ്കോങ്ങിൽ നിന്നും ഐഫോണുകൾ വാങ്ങി ഇന്ത്യയിൽ എത്തിച്ച് വിൽപ്പന നടത്തുമ്പോൾ 35,000 രൂപയോളം ലാഭമാണ് ഒരു ഫോണിന് ലഭിക്കുന്നത്.

More Stories from this section

family-dental
witywide