ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കരതൊട്ടു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത തുടരുന്നു. പുതുച്ചേരിക്കു സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിലാണ് കാറ്റ് കര കയറിയത്.
അടുത്ത 48 മണിക്കൂര്‍ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നാളെ പുലര്‍ച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. നൂറിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. പല സര്‍വീസുകളും വഴിതിരിച്ചുവിട്ടു.
കനത്ത മഴയില്‍ ചെന്നൈയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാന്‍ സാധ്യതയുണ്ട്. മഴ കനക്കുമെന്നുള്ളതിനാല്‍ താഴ്ന്ന മേഖലകളിലുള്ളവര്‍ പ്രളയഭീതി മൂലം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ജനങ്ങള്‍ ഫ്‌ളൈ ഓവറുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതോടെ ഗതാഗത തടസമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയാറെടുത്തതായി അധികൃതര്‍ അറിയിച്ചു. ബോട്ടുകളും മോട്ടറുകളും ജനറേറ്ററുകളും അടക്കമുള്ള സജ്ജീകരണങ്ങളും തയാറാണ്.