പശ്ചിമ ബംഗാളില്‍ നാശംവിതച്ച് റെമല്‍ ചുഴലിക്കാറ്റ് : 4 മരണം, 77000ലധികംപേര്‍ ക്യാമ്പില്‍, 29,500 വീടുകള്‍ക്ക് കേടുപാടുകള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഞായറാഴ്ച രാത്രി കരതൊട്ട റെമല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം വ്യാപക നാശം വിതച്ചു. റെമല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചു.
കൊല്‍ക്കത്തയില്‍ മതില്‍ ഇടിഞ്ഞ് ഒരാളും സൗത്ത് 24 പരഗാനാസില്‍ മരം വീണ് ഒരാളും പുര്‍ബ ബര്‍ധമാനില്‍ വൈദ്യുതാഘാതമേറ്റ് ണ്ടുപേരുമാണ് മരിച്ചത്. മരം വീണ് പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

ഏകദേശം 29,500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 207,060 പേരെ രക്ഷാ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ക്യാമ്പുകളില്‍ നിന്നും പലരും വീടുകളിലേക്ക് മടങ്ങിയെങ്കിലും 77,288 പേര്‍ ഇപ്പോഴും അവിടെ തുടരുന്നതായാണ് വിവരം. സംസ്ഥാനത്തുടനീളം നൂറുകണക്കിന് മരങ്ങള്‍ കടപുഴകിവീഴുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി മമത ബാനര്‍ജി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചുഴലിക്കാറ്റ് സംസ്ഥാനത്തിന് വന്‍ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്നും വിളകള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറയ്ക്ക് പരിഹരിക്കനല്‍കുമെന്നും അവര്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാഹചര്യം നേരിടാന്‍ ആവശ്യമായതെല്ലാം നല്‍കുമെന്നും അവര്‍ ഉറപ്പുനല്‍കി.

ഞായറാഴ്ച രാത്രി 8.30 ഓടെ സംസ്ഥാനത്തെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാറയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയില്‍ പതിച്ചത്, കാറ്റിന്റെ വേഗത മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നിരുന്നു. അതേസമയം, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

പശ്ചിമ ബംഗാളിലെ തെക്കന്‍ തീരപ്രദേശങ്ങളിലെ 24 ബ്ലോക്കുകളിലും 79 മുനിസിപ്പല്‍ വാര്‍ഡുകളിലുമായി കുറഞ്ഞത് 15,000 വീടുകളാണ് റെമാല്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നതെന്ന് സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide