ഓഹരി വിപണിയിൽ കനത്ത നഷ്ടം; നിക്ഷേപകർക്ക് നഷ്ടം നാല് ലക്ഷം കോടി രൂപ; സ്വർണ വിലയും ഉയർന്നു

യുഎസിന്റെ വളർച്ചാ നിരക്കിനെ കുറിച്ചുള്ള ആശങ്കകളും ഏഷ്യൻ വിപണികളിലെ ഇടിവും കാരണം വാൾസ്ട്രീറ്റ് ഉൾപ്പടെ ആഗോള വിപണികളിലെ വിൽപന സമ്മർദത്തിൽ വീണ് ഇന്ത്യൻ ഓഹരി വിപണികളും. വെള്ളിയാഴ്ച നിഫ്റ്റിയും സെൻസെക്സും കുത്തനെ താഴേക്ക് പതിച്ചു. ബാങ്കിംഗ്, ഓട്ടോ, ഐടി, എനർജി സ്റ്റോക്കുകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബോംബെ സൂചിക സെൻസെക്സിൽ 814 പോയിന്റ് നഷ്ടത്തോടെ 81,026ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിൽ 248 പോയിന്റ് നഷ്ടത്തോടെ 24,728 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കമ്പനികളുടെ വിപണിമൂല്യത്തിൽ 4.26 ലക്ഷം കോടിയുടെ കുറവാണുണ്ടായത്. 457.36 ലക്ഷം കോടിയായി വിപണിമൂല്യം കുറഞ്ഞു.

നിഫ്റ്റിയിൽ പി.എസ്.യു ബാങ്ക്, മെറ്റൽ എന്നിവ രണ്ട് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി സ്മോൾ ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 എന്നിവ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. യു.എസ് വിപണിയിലെ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. യു.എസിലെ ഉൽപാദനം സംബന്ധിച്ച കണക്കുകൾ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയതോടെയാണ് വിപണികളിൽ ഇടിവുണ്ടായത്.

അതേസമയം, സ്വർണവില ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഇന്ന് കേരളത്തിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6480 ആയി ഉയർന്നു. പവന്റെ വില 240 രൂപ ഉയർന്ന് 51,840 ആയി കൂടി.

More Stories from this section

family-dental
witywide