ഡാലിക്കപ്പൽ തുറമുഖത്ത് എത്തി, ഇന്ത്യൻ നാവികർ എന്തു ചെയ്യും ? അവർക്ക് എന്ന് വീടണയാനാകും?

ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച ചരക്കു കപ്പൽ ഡാലിയിലെ 21 ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. 55 ദിവസമായി അവർ ഡാലി കപ്പലിൽ തന്നെയായിരുന്നു. ഇപ്പോൾ അവർ ബാൾട്ടിമോർ തുറമുഖത്ത് എത്തിയിരിക്കുകയാണ്. അവർക്ക് അവിടെ ഇറങ്ങാനാവുമോ? അവരുടെ എല്ലാം വീസാ കലാവധി കഴിഞ്ഞതാണ്. അതിനാൽ അമേരിക്കയുടെ മണ്ണിൽ കാലുകുത്താനാകുമോ? 
20 ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരും അടങ്ങുന്ന നാവികർ തിങ്കളാഴ്ച ഡാലിയെ മാറ്റിയതിന് ശേഷം എന്തുചെയ്യണമെന്നതു സംബന്ധിച്ച് ഒരു പദ്ധതിയും ഇല്ലെന്ന് ഇൻ്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ്റെ മിഡ്-അറ്റ്‌ലാൻ്റിക് ലേബർ പ്രതിനിധി ബാർബറ ഷിപ്ലി പറഞ്ഞു.  യൂണിയൻ ഇമിഗ്രേഷൻ അധികാരികളുടെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി അവരുടെയെല്ലാം മൊബൈൽ ഫോണുകൾ എഫ്ബിഐ പിടിച്ചെടുത്തിരുന്നു. ഈ നാവികരെ അവരുടെ വീടുകളിൽ എത്തിക്കുക എന്നത് പ്രധാനമാണ്,” ഷിപ്ലി പറഞ്ഞു.

അന്താരാഷ്‌ട്ര നാവിക നിയമ പ്രകാരം കപ്പലിൽ കുറച്ച് ജീവനക്കാർ എപ്പോഴും ഉണ്ടായിരിക്കണം. അപ്പോൾ ആർക്കൊക്കെ കപ്പൽ വിട്ടുപോകാനാകും ആരൊക്കെ കപ്പലിൽ കഴിയേണ്ടി വരും എന്നൊക്കെ വലിയ ചോദ്യങ്ങളാണ്. മാത്രമല്ല കപ്പൽ  അപകടത്തിൽ പാലത്തിൽ ജോലിചെയ്യുകയായിരുന്ന 6 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. അതടക്കം എന്തൊക്കെ നിയമനടപടികൾ തങ്ങൾ നേരിടേണ്ടി വരും എന്ന ഭയം കൂടി നാവികർക്കുണ്ട്.  ഒപ്പം കപ്പലിൻ്റെ കേടുപാടുകൾ പരിഹരിക്കേണ്ടതുള്ളതിനാൽ കപ്പലിനെ നന്നായി അറിയുന്നവർ കപ്പലിൽ തന്നെ വേണ്ടി വന്നേക്കാം. കേസ് നടപടികൾ എത്രനാൾ നീളും എത്രനാൾ കപ്പൽ ബാൾട്ടിമോറിൽ കിടക്കേണ്ടി വരും എന്നതൊക്കെ ചോദ്യമായി അവശേഷിക്കുന്നു. കപ്പലിന് പല തവണ ഇലക്ട്രിക് തകരാർ സംഭവിച്ചിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ വ്യക്തമായിട്ടുണ്ട്. കപ്പലിൻ്റെ ഇലക്ട്രിക് സംവിധാനം ചെയ്തിരുന്നത്  ഹ്യുണ്ടായിയാണ്. അതിനാൽ തന്നെ ജപ്പാനിൽ നിന്ന് ആളുകൾ വന്ന് പരിശോധന നടത്തേണ്ടി വന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

Dali crew 20 Indians and A Sri Lankan in Baltimore Port in Crises