കഴിഞ്ഞയാഴ്ച ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയ ഡാലി എന്ന ചരക്ക് കപ്പലിൻ്റെ ഉടമയും മാനേജരും അപകടത്തെ തുടർന്ന് തങ്ങൾക്ക് ഉണ്ടായ ബാധ്യത കുറച്ചു തരണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. മാരകമായ ദുരന്തത്തിൻ്റെ വലിയ ബാധ്യത പരിമിതപ്പെടുത്തിത്തരണം എന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച കോടതിയെ സമീപിച്ചത്. “ലിമിറ്റേഷൻ ഓഫ് ലയബിലിറ്റി” പെറ്റിഷൻ കോടതിയിൽ സമർപ്പിക്കുക എന്നത് യുഎസ് നാവിക നിയമ പ്രകാരമുള്ള പതിവ് നടപടിയാണ്. മെരിലാൻഡിലെ ഫെഡറൽ കോടതിയാണ് ഹർജി പരിഗണിക്കുക. അപകടത്തിന്റെ ഉത്തരവാദികൾ ആരാണ്? അവർക്കുള്ള ശിക്ഷ എന്താണ് എന്നെല്ലാം ഈ കോടതിയാണ് തീരുമാനിക്കുക.
സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഡാലി എന്ന കപ്പൽ. മലയാളിയാളിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിൻ്റെ മാനേജർ. ഇവർ ഇരുവരും ചേർന്നാണ് ഹർജി നൽകിയിരിക്കുന്നത്.
1851-ലെ ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള നിയമമാണ് ഇത്. ഇതനുസരിച്ച് അപകടത്തിന് ശേഷം,എല്ലാം നാശനഷ്ടങ്ങളുടെ മൂല്യം കണക്കാക്കി അത് കുറച്ചിട്ട് ഒടുവിൽ കപ്പലിന് എന്ത് മൂല്യമുണ്ടോ അതിനു തുല്യമായി ബാധ്യത പരിമിതപ്പെടുത്തും. ശ്രദ്ധേയമായ പല കപ്പൽ അപകടങ്ങളിലും പ്രതിരോധമായി ഉപയോഗിച്ചിട്ടുള്ള ഒരു നിയമമാണിത്.
ഡാലി കപ്പലിൻ്റെ ഹർജിയിൽ പറയുന്നത് കപ്പലിന് 90 മില്യൺ ഡോളർ വിലയുണ്ടെന്നാണ്. കപ്പലിൽ 1.1 മില്യൺ ഡോളറിലിൻ്റെ ചരക്കുമുണ്ട്. എന്നാൽ കപ്പൽ നന്നാക്കാൻ തന്നെ 28 മില്യൺ ഡോളർ വേണം. 19.5 മില്യൺ ഡോളർ മറ്റ് ചെലവുകൾ വരും. എല്ലാം കഴിഞ്ഞ് കപ്പലിന്റെ മൂല്യമായി വരിക 43.6 മില്യൺ ഡോളറാണ്.
കപ്പലിടിച്ച് തകർന്ന പാലം പുനർനിർമിക്കാൻ തന്നെ കുറഞ്ഞത് 400 മില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ മരണപ്പെട്ട 6 പേർക്കുള്ള നഷ്ടപരിഹാരത്തുക വേറെയുമുണ്ട്.
പ്രധാന ഷിപ്പിംഗ് തുറമുഖമായ ബാൾട്ടിമോർ തുറമുഖം അടച്ചതിനെ തുടർന്ന് പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയിൽ കോടികളുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. തുറമുഖത്തെ ആശ്രയിച്ചിരിക്കുന്ന തൊഴിലാളികളുടെ വരുമാനത്തിലും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Dali Ship Owner and Manager filed a court petition seeking to limit their liability