കൊച്ചി: ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ കണ്ട സി പി എം നേതാവ് ഇ പി ജയരാജനാണെന്ന് ടി ജി നന്ദകുമാർ. ഇ പിയെയും തന്നെയുമാണ് ജാവദേക്കർ കണ്ടതെന്നും ഇടതുമുന്നണി സഹായിച്ചാൽ പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കാർ ഇ പി ജയരാജനോട് പറഞ്ഞെന്നും നന്ദകുമാർ വെളിപ്പെടുത്തി. പകരം എസ് എ ൻ സി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന ഉറപ്പും കൊടുത്തു. ബി ജെ പിക്ക് വേണ്ട സീറ്റ് തൃശൂരാണെന്നും ജാവദേക്കർ പറഞ്ഞതായി നന്ദകുമാർ പറഞ്ഞു. പക്ഷേ ഇ പി അത് സമ്മതിച്ചില്ലെന്നും അങ്ങനെ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
‘പിണറായിയുടെ രക്ഷകൻ ആകാനായിരുന്നു ഇപിയുടെ ചർച്ച. ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വച്ചായിരുന്നു ജാവദേക്കറുമായുള്ള കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ചയെകുറിച്ച് ഇപിയ്ക്ക് മുൻധാരണ ഇല്ലായിരുന്നു. ജാവദേക്കർ വരുന്ന കാര്യം ഞാൻ ഇപിയോട് പറഞ്ഞിരുന്നില്ല. ബിജെപിയിൽ ചേരാൻ ഇപി ചർച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചർച്ച നടത്തിയത്. തൃശൂർ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ് എൻ സി ലാവ്‌ലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കലാഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നു’, നന്ദകുമാർ പറഞ്ഞു.