ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ വേണു രാജാമണിക്ക് ജൂൺ 2 ഞായറാഴ്ച വൈകുന്നേരം ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ വച്ച് ഊഷ്മള സ്വീകരണം നൽകി. കേരള അസോസിയേഷൻ ഡയറക്ടർമാരായ സുബിൻ ഫിലിപ്പ്, നിഷ മാത്യു എന്നിവർ അതിഥികൾക്കു പൂച്ചെണ്ടുകൾ നൽകി വേദിയിലേക്ക് സ്വീകരിച്ചു.
2017 മുതൽ 2020 വരെ നെതർലാൻഡിലെ ഇന്ത്യൻ അംബാസഡർ, ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യൻ പ്രതിനിധി, ഇന്ത്യൻ നയതന്ത്രജ്ഞൻ, ഇന്ത്യൻ ഫോറിൻ സർവീസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൊഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വേണു രാജാമണി നിലവിൽ ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ് അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്.
വൈകുന്നേരം അഞ്ച് മണിക് ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനശ്വരൻ മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അമേരിക്കയിലെ സാമൂഹിക-സാംസ്കാരിക-സാഹിത്യ പ്രവർത്തകനും കാൻസർ സ്പെഷിലിസ്റ്റുമായ ഡോ എം.വി പിള്ള മുഖ്യാഥിതിയ പരിചയപ്പെടുത്തി. തുടർന്ന്, പ്രവാസജീവിതം അനുഭവങ്ങളും ആഖ്യാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ വേണുരാജാമണി മുഖ്യ പ്രസംഗം നടത്തി.
സദസ്സിൽ നിന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, കേരളം ലിററി സൊസൈറ്റി ഓഫ് ഡാളസ് സെക്രട്ടറി ഹരിദാസ് തകപ്പൻ, ഡയറക്ടർ സിജു വി ജോർജ്, അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു വേണു രാജാമണി മറുപടി നൽകി. സെക്രട്ടറി മൻജിത് കൈനിക്കര(സെക്രട്ടറി) നന്ദി പറഞ്ഞു. തുടർന്ന് വേണുരാജാമണി അസോസിയേഷൻ മലയാളം ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.