മോസ്‌കോ: കസാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡാം പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തെക്കന്‍ യുറലിലെ ഒറെന്‍ബര്‍ഗ് മേഖലയില്‍ നിന്നും 4,500 ഓളം ആളുകളെ ഒഴിപ്പിച്ചതായി റഷ്യ. കസാക്കിസ്ഥാന്റെ അതിര്‍ത്തിക്കടുത്തുള്ള ഓര്‍സ്‌ക് നഗരത്തിലാണ് ഡാം തകര്‍ന്നത്. 80 വര്‍ഷത്തിനിടെ കസാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വെള്ളപ്പൊക്കമെന്ന് കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് പറഞ്ഞു.
അരലക്ഷം ജനങ്ങളുള്ള ഒറെന്‍ബര്‍ഗ് നഗരത്തില്‍ നിന്നും 1,100 കുട്ടികള്‍ ഉള്‍പ്പെടെ 4,402 പേരെ ഒഴിപ്പിച്ചു. ഡാം തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം 6,000 ത്തിലധികം വീടുകളെ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രധാന നഗരമായ ഒറെന്‍ബര്‍ഗിലെ യുറല്‍ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും ഇനിയും ഉയരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2014-ല്‍ നിര്‍മ്മിച്ച ഡാമിന്റെ തകര്‍ച്ചയില്‍ ‘അശ്രദ്ധയ്ക്കും നിര്‍മ്മാണ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനും’ ക്രിമിനല്‍ കേസും അധികൃതര്‍ എടുത്തിട്ടുണ്ട്. മേഖലയിലുടനീളം സ്ഥിതി ദുഷ്‌കരമാണെന്നും അധികൃതര്‍ അറിയിച്ചു.