ഡല്‍ഹി: അമേരിക്കയില്‍ സന്ദര്‍ശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘സിഖ്’ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്ത്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടുമുള്ള പ്രസ്താവനകളാണ് രാഹുൽ നടത്തുന്നതെന്നാണ് ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ഇന്ത്യയിൽ സിഖുകാര്‍ക്ക് തലപ്പാവ് ധരിക്കാന്‍ സാധിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞെന്നും അത് തികച്ചും വർഗീയ പരാമർശം ആണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്ത് സിഖുകാരെ അടിച്ചമര്‍ത്തുകയാണെന്ന തരത്തിലുള്ള രാഹുലിന്റെ പ്രസംഗം മോശമായിപോയെന്നും ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേർത്തു.
രാഹുലിന്റേത് അപകടകരമായ പ്രസ്താവനയാണ്. ഇത് തികച്ചും അപലപനീയമാണ്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്ന ഗൗരവം കണക്കിലെടുക്കാതെ എന്തും വിളിച്ചുപറയുകയാണ് രാഹുല്‍. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിത്. ആറു പതിറ്റാണ്ടായി തലപ്പാവ് ധരിക്കുന്നയാളാണ് താനെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. 1984ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയത്. അന്ന് നിരപരാധികളായ 3000 സിഖുകാരെയാണ് കൂട്ടക്കൊല ചെയ്തത്. രാഹുലിന്റെ കുടുംബം കൂട്ടക്കൊലയെ ന്യായീകരിക്കുകയായിരുന്നു. ഒരു വന്‍മരം വീഴുമ്പോള്‍ ഭുമികുലുങ്ങുമെന്നും അതിനടിയില്‍പ്പെട്ട് പലതും തകരുമെന്നാണ് രാജീവ് ഗാന്ധി കൂട്ടക്കൊലയെ ന്യായീകരിച്ചതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമൂഹത്തെ വഴിതെറ്റിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.