നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി.
മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തി. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകള്‍. തന്‍റെ അമ്മക്കും കുടുംബത്തിനുമൊപ്പം താന്‍ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് മകൾ രംഗത്തെത്തിയത്. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് കുട്ടി പറയുന്നു.
“ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.”
മകളുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു.
”നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇനിയില്ല. എന്തായാലും നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞല്ലോ. നീ കുഞ്ഞായിരിക്കുമ്പോഴാണ് എന്നെ വിട്ട് അകന്ന് പോയി. ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ ഞാന്‍ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാന്‍ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം,” ബാല പറഞ്ഞു.