സിഡ്‌നി: ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടി കളിക്കാനായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് വാര്‍ണര്‍ സിഡ്‌നിയിലേക്ക് വന്നത്. സാധ്യമായതെല്ലാം തണ്ടേഴ്‌സിനായി താന്‍ ചെയ്തിട്ടുണ്ടെന്നും അടുത്ത മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും വാര്‍ണര്‍ പറഞ്ഞു. സിഡ്‌നി തണ്ടേഴ്‌സിനായി മാത്രമല്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനുവേണ്ടി കൂടിയാണ് താന്‍ കളിക്കുന്നതെന്നും വാര്‍ണര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പാണ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കുന്നതിനു രണ്ട് ദിവസം മുന്‍പാണ് താരം അപ്രതീക്ഷിത വിടവാങ്ങല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന കരിയറിന് വിരാമമിട്ടെങ്കിലും ട്വന്റി 20യില്‍ ഓസ്‌ട്രേലിയന്‍ ടീമിനായും ലോകത്തെ വിവിധ ലീഗുകളിലും വാര്‍ണര്‍ കളിക്കും.
‘എനിക്ക് ഇനി കുടുംബത്തിന് വേണ്ടത് തിരിച്ച് നല്‍കേണ്ടതുണ്ട്. ഭാര്യ കാന്‍ഡിസിനും പെണ്‍മക്കളായ ഐവി, ഇസ്ല, ഇന്‍ഡി എന്നിവര്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. വിരമിക്കുന്നതിനെ കുറിച്ച് ലോകകപ്പില്‍ ഉടനീളം ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വെച്ച് ലോകകപ്പ് നേടുകയെന്നത് ഒരു വലിയ നേട്ടമാണെന്നും വാര്‍ണര്‍ സിഡ്‌നിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.