‘വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിന് പിറ്റേന്ന് ആശുപത്രി നവീകരണം തുടങ്ങി; നിർദേശം നൽകിയത് സന്ദീപ് ഘോഷ്’

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ നിർണായക കണ്ടെത്തലുമായി സിബിഐ. മൃതദേഹം കണ്ടെടുത്തതിന്റെ അടുത്ത ദിവസം, കുറ്റകൃത്യം നടന്ന സ്ഥലത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ നവീകരണം ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് നിർദ്ദേശം നൽകിയതായി കാണിക്കുന്ന നിർണായക രേഖ സിബിഐ കണ്ടെത്തി.

ആശുപത്രി വളപ്പിലെ സെമിനാർ മുറിയിൽ നിന്ന് ഓഗസ്റ്റ് 9 ന് രാവിലെയാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന സെമിനാർ ഹാളിനോട് ചേർന്നുള്ള മുറിയിലും ടോയ്‌ലറ്റിലും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ സന്ദീപ് ഘോഷ് സംസ്ഥാന പിഡബ്ല്യുഡിക്ക് അനുമതി കത്ത് നൽകിയതായി കാണിക്കുന്ന നിർണായക രേഖ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 10 ന് ഘോഷിൻ്റെ ഒപ്പ് രേഖപ്പെടുത്തിയ അനുമതി കത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

ഘോഷിൻ്റെ നിർദ്ദേശപ്രകാരം ആർജി കറിലെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകിയതെന്നാണ് ആദ്യം മനസ്സിലാക്കിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ കത്ത് കണ്ടെടുത്തതോടെയാണ് അങ്ങനെയല്ലെന്ന് സിബിഐക്ക് മനസിലായത്.

ജോലി ആരംഭിച്ച ഉടനെ ആശുപത്രി വളപ്പിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുണ്ടായതിനാൽ നവീകരണം തുടരാനായില്ല. മെഡിക്കൽ കോളജിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്. 2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ പ്രിൻസിപ്പലായിരുന്നു. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് ഘോഷ് മെ‍ഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നു.

More Stories from this section

family-dental
witywide