മരണവീട്ടിൽപോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലില്ല; സർക്കാരിനെ വിമർശിച്ച് ദയാബായി

ആലപ്പുഴ: കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് സാമൂഹ്യപ്രവർത്തക ദയാബായി. കേരളത്തിൽ മരണവീട്ടിൽ പോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും മുഖ്യമന്ത്രി പോകുമ്പോൾ മുന്നിൽ ചാടിക്കയറി മരണവീട്ടിലെ കറുത്തകൊടിപോലും അഴിച്ചുമാറ്റുന്നുവെന്നും ദയാബായി പറഞ്ഞു. ഇന്ത്യൻ നാഷനൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ ദേശീയസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

കർഷക പ്രശ്നങ്ങളെക്കുറിച്ചും എൻഡോസൾഫാൻ ഇരകളുടെ പ്രതിസന്ധികളെക്കുറിച്ചും വയോധികർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യത്തെക്കുറിച്ചും ദയാബായി സംസാരിച്ചു. സർക്കാർ നെല്ല് വാങ്ങിയിട്ടും എത്ര കർഷകരാണ് പണം കിട്ടാതെ ആത്മഹത്യ ചെയ്യുന്നത്. മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല. എൻഡോസൾഫാൻ ബാധിതർക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾപോലും നിർത്തി. അവർക്കായി താൻ 18 ദിവസം​ സെക്രട്ടറിയേറ്റിന്​ മുന്നിൽ നിരാഹാരം കിടന്നു. അന്ന്​ ​പൊലീസ്​ നിർബന്ധിച്ചാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

82 വയസ്സ്​ പിന്നിട്ട തനിക്ക്​ ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലെന്ന്​ ഡോക്ടർമാർ പറഞ്ഞിരുന്നു. പൊലീസ്​ എടുത്ത്​ ആംബുലൻസിലേക്ക്​ ഇടുകയായിരുന്നു. അവർ തന്ന അവാർഡാണ് ഈ ചട്ടുകാലും വടിയും. മനുഷ്യാവകാശ പ്രവർത്തകരെന്ന്​ പറയുന്നവർ എന്തുകൊണ്ട് ഈ മേഖലയിലേക്കിറങ്ങിയെന്ന് ആത്മവിമർശനം നടത്തണമെന്നും അവർ പറഞ്ഞു.

More Stories from this section

family-dental
witywide