
ദില്ലി: വനിതാ പ്രീമിയര്‍ ലീഗിന് പുതിയ അവകാശി ഇന്ന് പുറക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ എലിമിനേറ്റ് ചെയ്തെത്തിയ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് രണ്ടാം സീസണിന്‍റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയം വഴങ്ങേണ്ടി വന്ന ക്യാപിറ്റല്‍സ് ഇത്തവണ പ്രാഥമിക റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേരിട്ട് കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ആര്‍ സി ബി എത്തുന്നത്.സ്മൃതി മന്ദാന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും മെഗ് ലാനിങ് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ കിരീടം ലക്ഷ്യമിട്ട് വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കുമെന്നുറപ്പ്.
സ്മൃതി മന്ദാനയുടെ തകർപ്പനടിയും എല്ലിസ് പെറിയുടെ ഓള്‍റൗണ്ട് മികവും റിച്ചയുടെ ഫിനിഷിംഗും ശ്രിയങ്കയുടെ സ്പിൻ മികവുമാണ് ആർ സി ബിക്ക് പ്രതീക്ഷ നൽകുന്നത്. മറുവശത്ത് ക്യാപ്റ്റൻ മെഗ് ലാനിംഗ്, ഓപ്പണർ ഷെഫാലി വർമ, ജെമീമ റോഡ്രിഗസ് എന്നിവരാണ് ക്യാപിറ്റൽസിനായി കപ്പുയർത്താൻ നിൽക്കുന്നത്. നേര്‍ക്കുനേര്‍ കണക്കില്‍ ഡല്‍ഹിക്ക് ആർ സി ബിക്ക് മേൽ സമ്പൂര്‍ണ ആധിപത്യമാണ്. ഇതുവരെ കളിച്ച നാല് കളികളിലും ബാംഗ്ലൂരിനെ നിലംതൊടാൻ ഡൽഹി അനുവദിച്ചിട്ടില്ല.
അതേസമയം വനിത പ്രീമിയൽ ലീഗ് കലാശപോരാട്ടത്തിൽ മലയാളി സാന്നിധ്യവും ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ഡല്‍ഹിക്ക് വേണ്ടി മിന്നു മണിയും ബാംഗ്ലൂരിനായി ആശ ശോഭനയുമാണ് ഫൈനലിലെ മലയാളി സാന്നിധ്യം.
DC vs RCB LIVE Score, WPL 2024 Final: Delhi Capitals, Royal Challengers Bangalore Eye Maiden Title