മെസിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; ബീഹാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രതിഷേധം, ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍

പട്ന: ബീഹാറിലെ ബങ്ക ജില്ലയിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ മെസില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടതായി ആരോപണം. ഇതേത്തുടര്‍ന്ന് പത്തോളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയുമായാണ് വിദ്യാര്‍ഥികള്‍ എത്തിയതെന്നും ഇപ്പോള്‍ എല്ലാവരും ആരോഗ്യവാനാണെന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കോളേജ് സ്റ്റാഫ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഹോസ്റ്റലില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി.

മെസില്‍ നിന്നും ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയ സംഭവം എല്ലാ പരിധിയും ലംഘിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വകാര്യ കരാറുകാരനാണ് മെസ് നടത്തുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ മെസിലെ ഫുഡ് കഴിക്കണം എന്നതാണ് നിയമം. മെസ് ചാര്‍ജുകള്‍ അടക്കാത്തവരെ പരീക്ഷ എഴുതാന്‍ സമ്മതിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട പരാതി നേരത്തെയും കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide