സിറിയയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റില്‍ മാരക സ്ഫോടനം : ഏഴുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

സിറിയ: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അസാസില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ കാര്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ചിലരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് തീ പിടുത്തവും ഉണ്ടായിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

റമദാനില്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് നടക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്. കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേര്‍ മാര്‍ക്കറ്റിലെത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമാണ് അസാസ്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള അലപ്പോയുടെ വടക്ക് ഭാഗത്തുള്ള സിറിയന്‍ പട്ടണമായ അസാസ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന്‍ കീഴിലല്ല. പ്രധാനമായും അറബ് ജനസംഖ്യയുള്ള നഗരം നടത്തുന്നത് അസദിനെ എതിര്‍ക്കുകയും തുര്‍ക്കി പിന്തുണക്കുകയും ചെയ്യുന്ന സിറിയന്‍ വിമത ഗ്രൂപ്പുകളാണ്.

More Stories from this section

family-dental
witywide