വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനവുമായി ബൈഡൻ ഭരണകൂടം. മെഡികെയറിലൂടെ ലഭിക്കുന്ന ഏറ്റവും ജനപ്രിയവും ചെലവേറിയതുമായ 10 മരുന്നുകളുടെ വില ഗണ്യമായി കുറയക്കുമെന്നാണ് പുതിയ പ്രഖ്യാപനം. മരുന്നു നിർമ്മാതാക്കളുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് വില കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മരുന്നുകളുടെ ലിസ്റ്റ് വിലയിൽ നിന്ന് 38% മുതൽ 79% വരെ കുറവ് കിട്ടും. പുതിയ വിലയിളവ് 2026ൽ മാത്രമേ പ്രാബല്യത്തിൽ വരൂ.
പ്രമേഹം, രക്താർബുദം ഹൃദ്രോഗം തുടങ്ങിയവയുടെ മരുന്നുകളുടെ വിലകളിലാണ് പുതിയ തീരുമാനം പ്രതിഫലിക്കുക. ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ഗുണം ചെയ്യും. രക്തം കട്ടി കുറയ്ക്കുന്ന സാരെൽറ്റോ, എലിക്വിസ്, പ്രമേഹ മരുന്നുകളായ ജാർഡിയൻസ്, ജാനുവിയ തുടങ്ങിയവ എല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
67 ദശലക്ഷത്തിലധികം പ്രായമുള്ളവരും വികലാംഗരുമായ അമേരിക്കക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന മെഡികെയർ പ്രോഗ്രാമിനായുള്ള ഒരു പ്രധാന തീരുമാനമാണ്.
ഈ പുതിയ തീരുമാനം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഒരു കേന്ദ്രബിന്ദുവായി മാറും. ബൈഡനും കമലയും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അനിയന്ത്രിതമായ പണപ്പെരുപ്പം മൂലം വിലക്കയറ്റത്താൽ ആളുകൾ ബുദ്ധിമുട്ടുകയും അത് ഭരണവിരുദ്ധ വികാരത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് ഡെമാക്രാറ്റുകൾ മനസ്സിലാക്കുന്നുണ്ട്.