ടെഹ്റാനിലെ ഗസ്റ്റ് ഹൗസിൽ ഹനിയയ്ക്കായി ബോംബ് കാത്തിരുന്നത് രണ്ടു മാസം; ഇറാന് ഞെട്ടലായി ഹമാസ് തലവന്റെ കൊലപാതകം

രണ്ട് മാസത്തിലേറെയായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ മരണം കാത്തിരുന്നു. അദ്ദേഹം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാനിലെ ഗസ്റ്റ് ഹൗസിലേക്ക് രഹസ്യമായി ഒരു ബോംബ് കടത്തുകയായിരുന്നുവെന്ന് യുഎസിലെയും മിഡിൽ ഈസ്റ്റിലെയും നിരവധി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്മയിൽ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐആർജിസി അവരുടെ രഹസ്യ മീറ്റിംഗുകൾക്കും പ്രധാനപ്പെട്ട അതിഥികളെ പാർപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു വലിയ കോമ്പൗണ്ടിനുള്ളിലായിരുന്നു ഗസ്റ്റ്ഹൗസ്.

അതേസമയം, ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ടെഹ്റാനിലെത്തിയ ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ വിദേശത്തുള്ള ശത്രുക്കളെ വധിച്ചതിന്റെ നീണ്ട ചരിത്രമാണ് ഇസ്രായേലിനുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.