തിരുവനന്തപുരം: കൈക്കൂലി ആരോപണത്തില്‍ അപമാനിതനായ കണ്ണൂര്‍ എ.ഡി.എം. നവീന്‍ബാബുവിനെതിരായ പരാതി തയ്യാറാക്കിയത് മരണ ശേഷമെന്ന് വിവരം. കൈക്കൂലി ആരോപണ പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ ടി.വി. പ്രശാന്തുമല്ല. പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും.
യാത്ര അയയ്പ്പ് സമ്മേളനത്തിനിടെ ക്ഷണമില്ലാതിരുന്നിട്ടും എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അപമാനിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു നവീന്‍ ബാബു. മരണവാര്‍ത്ത പുറത്തുവന്ന ഉടനെ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രത്തിലാണ് കൈക്കൂലി പരാതി തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആള്‍ക്ക് നല്‍കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പൊലീസും കണ്ണടയ്ക്കുകയാണ്.
ചെങ്ങളായിയില്‍ പെട്രോള്‍പമ്പ് തുടങ്ങുന്നതിനുള്ള നിരാക്ഷേപപത്രം നല്‍കുന്നതിന് നവീന്‍ബാബു ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ നല്‍കുകയും ചെയ്‌തെന്നാണ് പ്രശാന്തിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ മൊഴിയില്‍ ഒപ്പുവെച്ചത് പ്രശാന്ത് ടി.വി എന്ന പേരിലാണ്. എന്നാല്‍, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പുമായി ഇതിന് യാതൊരു സാമ്യവുമില്ല. എന്‍ഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമായിരുന്നു. എന്നാല്‍ പരാതിയിലെ ഒപ്പ് വ്യത്യസ്തമാണ്. ഇതുകൂടാതെ എന്‍ഒസി ഫയലില്‍ ടി വി പ്രശാന്ത് എന്നാണ് പേര് നല്‍കിയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയില്‍ പ്രശാന്തന്‍ ടി വി എന്നുമാണ് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി കേന്ദ്രത്തില്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചാല്‍ അത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കും. അതിനാല്‍, പരാതിയെക്കുറിച്ച് സംശയം ഉണ്ടാകാത്തവിധത്തില്‍ പ്രശാന്തിന്റെ മൊഴി ഒതുക്കാനുള്ള നീക്കവും പാലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ചെയ്യപ്പെടുന്നതാണ്. ഓഫീസിലേക്ക് നേരിട്ട് ലഭിക്കുന്ന പരാതികളും ഈ സെല്ലിലേക്ക് കൈമാറി രജിസ്റ്റര്‍ചെയ്യും. മുന്‍തീയതിയില്‍ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്നതിനാല്‍ പ്രശാന്തിന്റെ പേരില്‍ തയ്യാറാക്കിയ പരാതി സെല്ലിന്‌കൈമാറാന്‍ കഴിഞ്ഞില്ല. പരാതി നല്‍കിയാല്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പറും എസ്.എം.എസ്. സന്ദേശവും പ്രശാന്തിന് ലഭിച്ചിട്ടുമില്ല. ഇതോടെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കാന്‍ തട്ടിക്കൂട്ടിയ പരാതിയെക്കുറിച്ച് പിന്നീട് ആരും ഉരിയാടാത്തത്.
ദിവ്യയെ സംരക്ഷിക്കാനാണ് ഇങ്ങനെയൊരു പരാതി ഉണ്ടാക്കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.