അധികമാരും സന്ദര്‍ശിക്കാത്ത, കയങ്ങള്‍ ഒളിപ്പിച്ച വെള്ളച്ചാട്ടം ; അപകട മുന്നറിയിപ്പില്ലാത്ത അരുവിക്കുത്ത് ഡോണലിന്റെയും അക്‌സയുടേയും ജീവനെടുത്തു

തൊടുപുഴ: തൊടുപുഴയിലെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഡോണല്‍ ഷാജിയുടേയും അക്‌സ റെജിയുടേയും വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ സഹപാഠികള്‍.

കോളജില്‍നിന്നു 3 കിലോമീറ്ററില്‍ താഴെ മാത്രമേ അരുവിക്കുത്തിലേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അക്‌സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയെന്നാണ് വിവരം. ഇരുവരും നടന്നാണ് ഇവിടേക്കെത്തിയതെന്നാണു വിവരം. അപകടം പതിയിരിക്കുന്ന ഇടമായതിനാല്‍ തന്നെ മേഖലയിലേക്ക് അധികം ആരും എത്തിയിരുന്നില്ല. ഇവിടെയാണ് ഇന്നലെ വൈകീട്ടോടെ വിദ്യാര്‍ഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അധികം ആളുകള്‍ക്കൊന്നും പരിചിതമല്ലാത്ത വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. കാഴ്ചയില്‍ മനോഹരമാണെങ്കിലും കയങ്ങള്‍ നിറഞ്ഞ മേഖലയാണ്. ഇവിടേക്കെത്തിയ പ്രദേശ വാസികള്‍ ബാഗും ഫോണും മറ്റും കടവില്‍ ഇരിക്കുന്നത് കണ്ടിരുന്നു. സമീപത്ത് ആരെയും കാണാതെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്‌നിരക്ഷാ സംഘത്തെയും അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട കുഴികളും കിടങ്ങുകളും ഉള്ളതിനാല്‍ ഇവിടെ ഇറങ്ങുന്നത് അപകടമാണ്. അപകട മേഖലയെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഇവിടെയില്ലാത്തതും വിദ്യാര്‍ഥികളുടെ മരണത്തിലേക്കു നയിച്ചിരിക്കാമെന്നും വിലയിരുത്തലുണ്ട്.

മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും തന്നെയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ മുട്ടം പൊലീസ് അപകടമരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide