
ന്യൂഡല്‍ഹി: സ്‌കോട്ട്ലന്‍ഡില്‍ കാണാതായതിനു പിന്നാലെ മരിച്ച മലയാളി യുവതിയുടെ മൃതദേഹത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചതായി കുടുംബം. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്ന സാന്ദ്ര സാജുവിനെയാണ് സ്‌കോട്ട്ലന്‍ഡില്‍ ഈ മാസം ആദ്യം കാണാതായതായത്. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജുവിനെ കാണാതായത്. ഇതിന് സമീപ ഗ്രാമപ്രദേശമായ ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് മരിച്ചത്.
മൃതദേഹത്തില്‍ ക്രിമിനല്‍ ആക്രമണത്തിന്റെ ലക്ഷണമൊന്നുമില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ബന്ധു പറഞ്ഞു.
പൊലീസ് അന്വേഷണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പരാതികളൊന്നുമില്ല. യുവതിയെ കാണാതായ ദിവസം മുതല്‍ ശക്തമായി അന്വേഷണം നടത്തിയിരുന്നുവെന്നും അന്വേഷണത്തെക്കുറിച്ച് പൊലീസ് കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. ഡിസംബര്‍ 6 നാണ് യുവതിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.